ജില്ല റിവ്യൂ : പ്രതീക്ഷകളും, യാഥാര്‍ത്ഥ്യവും..!!

കേരളം ഇത്രയും പ്രതീക്ഷയോടെ കാത്തിരുന്ന അന്യഭാഷാ ചിത്രം ഇല്ലാന്ന് തന്നെ പറയാം.. അത്തരത്തിലായിരുന്നു ജില്ലയ്ക്ക് കേരളത്തില്‍ ഉണ്ടായിരുന്ന ബില്‍ഡ് അപ്പും, പ്രൊമോഷനും ഒക്കെ. പക്ഷേ ചിത്രം ആരാധകരെ തൃപ്തിപ്പെടുത്തിയോ എന്ന് ചോദിച്ചാല്‍ ഒന്ന് കുഴങ്ങും. ഒരു സാധാരണ പ്രേക്ഷകനെ (ഫാന്‍സ്‌ അല്ല) തൃപ്തിപ്പെടുത്തിയോ എന്ന് ചോദിച്ചാല്‍ “ഇല്ല” എന്നേ പറയാന്‍ കഴിയു. കാരണം ജില്ലാ നമ്മള്‍ സ്ഥിരം കണ്ടു പരിച്ചയമുള്ള  ഒരു സാധാരണ തമിഴ് മാസ് എന്‍റ്റര്‍ടൈയ്നര്‍ ആണ്. അച്ഛന്‍ മകന്‍ പാസം,അണ്ണന്‍ തങ്കച്ചി പാസം, അണ്ണന്‍ തമ്പി പാസം,തലൈവ-കീഴാള്‍ പാസം അങ്ങനെ അങ്ങനെ ഒരു ലോഡ് പാസങ്ങളും,പിന്നെ വര്‍ഷങ്ങളായുള്ള പ്രതികാര ദാഹം, നായകന്മാരുടെ ഓവര്‍ ബില്‍ഡ്അപ്പ്‌, രണ്ടു പാട്ടിന് വേണ്ടി മാത്രമുള്ള,  മറ്റൊന്നിനും കൊള്ളാത്തെ നായിക എന്നീ  സ്ഥിരം തമിഴ് സിനിമകളിലെ രസക്കൂട്ടുക്കള്‍ ഒക്കെ തന്നെ ഈ സിനിമയിലും ഉള്ളു. ലാലും വിജയും തമ്മിലുള്ള കോമ്പിനേഷന്‍ രംഗങ്ങള്‍ തന്നയാണ് സിനിമയുടെ ഹൈലൈറ്റ്.

പിന്നെ ആകെയുള്ള ഒരു ആശ്വാസം മോഹന്‍ലാല്‍ എന്ന നടന്‍ മാത്രമാണ്. ശിവ എന്ന  റോള്‍ ലാല്‍ എന്ന നടന്‍ ഗംഭീരമാക്കി.പക്ഷേ ഈ റോളിനു വേണ്ടി മോഹന്‍ലാല്‍ തന്നെ വേണമായിരുന്നോ എന്ന ചോദ്യത്തിന്  വേണ്ടായിരുന്നു എന്ന് തന്നെയാണ് ഉത്തരം.ഈ റോള്‍ ശരത് കുമാറിനോ, പ്രകാശ് രാജിനോ സത്യരാജിനോ ഒക്കെ ചെയ്യാവ്വുന്നതേയുള്ളൂ. പറഞ്ഞു വരുന്നത് ഇത്രെയും ബില്‍ഡ് അപ്പ്‌ കൊടുത്തു മോഹന്‍ലാല്‍ എന്ന പ്രതിഭയെ അങ്ങ് കൊണ്ട് പോയി അഭിനയിപ്പിക്കാന്‍ തക്ക പ്രതേകതകള്‍ ഒന്നും  ശിവ എന്ന കഥാപാത്രത്തിനില്ല. ആദ്യ പകുതിയിലെ കുറച്ചു രംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് ഒഴിച്ചു നിര്‍ത്തിയാല്‍ പിന്നങ്ങോട്ട് സിനിമ മുഴുവന്‍ മോഹന്‍ലാലിന് ഒരു സഹനടന്‍റെ പ്രാധാന്യമേ ഉള്ളു. നിറഞ്ഞു നില്‍ക്കുന്നത് വിജയ്‌ തന്നെയാണ്.

ശിവ (മോഹന്‍ലാല്‍) മധുര മൊത്തം വിറപ്പിക്കുന്ന ഒരു വലിയ അധോലോകത്തിനുടമയാണ്. ശക്തിയുടെ (വിജയ്‌) അച്ഛന്‍ ശിവയുടെ വലം കൈയാണ്.ശക്തിയുടെ അച്ഛന്‍ ശിവയ്ക്ക് വേണ്ടി  കൊല്ലപ്പെടുന്നു. അന്ന് തൊട്ട് ശക്തി ശിവയുടെ മകന്‍ ആവുകയാണ്. അങ്ങനെ ശിവയും ശക്തിയും കൂടെ മധുര ഭരിക്കുന്നു.  ഒരു പ്രതേക സാഹചര്യത്തില്‍ ശിവയുടെ ആഗ്രഹപ്രകാരം ശക്തി ശിവയുടെ ചെയ്തികള്‍ക്കു മറയാകാന്‍ വേണ്ടി പോലീസ് ഉദ്യോഗസ്ഥനാകുന്നു. തുടര്‍ന്നുണ്ടാകുന്ന ചില സംഭവ വികാസങ്ങളെ തുടര്‍ന്ന് ശക്തി മാനസാന്തരപ്പെടുകയും ശിവയെ നേര്‍വഴിക്ക് നടത്താന്‍ നടത്തുന്ന പോരാട്ടങ്ങളും സംഭവ വികാസങ്ങളുമാണ് സിനിമയുടെ കഥാതന്തു.

പലയിടത്തും വിജയ്‌ അമിതാഭിനയം കൊണ്ട് പ്രേക്ഷകരെ ബോര്‍ അടുപ്പിച്ചു. പുട്ടിനു തേങ്ങാ എന്ന പോലെ ഇടയ്ക്ക് അനവസരത്തില്‍ വരുന്ന പാട്ടുകള്‍ പ്രേക്ഷകന്‍റെ  ക്ഷമ പരീക്ഷിക്കുന്നതാണ്. പല രംഗങ്ങളുടേയും മൊത്തത്തിലുള്ള ഒരു മൂഡിനെ അപ്പ്‌ലിഫ്റ്റ്‌ ചെയ്യുന്നതില്‍ പശ്ചാത്തല സംഗീതത്തിന് കഴിഞ്ഞിട്ടുണ്ട്. വേണം എന്ന് വച്ചാല്‍ പല രംഗങ്ങളും, പല കഥാപാത്രങ്ങളെയും ഒഴിവാക്കാമായിരുന്നു. പക്ഷേ അങ്ങനെയുള്ള രംഗങ്ങള്‍ ഇല്ലെങ്കില്‍ ഫാന്‍സിന് സുഖിക്കില്ലാ  എന്നുള്ള ധാരണ കൊണ്ടായിരിക്കും നേശന്‍ ആവശ്യത്തിനും അനാവശ്യത്തിനും അങ്ങനുള്ള രംഗങ്ങള്‍ തള്ളി കയറ്റിയത്. പലയിടത്തും കെട്ടുറപ്പുള്ള ഒരു  തിരകഥയുടെ അഭാവം നമ്മുക്ക് കാണാന്‍ കഴിയും. ചുരുക്കിപറഞ്ഞാല്‍  ശിവ എന്ന ശരാശരി കഥാപാത്രത്തെ ഉജ്ജ്വലമാക്കിയ  മോഹന്‍ലാല്‍ അഭിനയിച്ച  ഒരു ആവറേജ് വിജയ്‌ ചിത്രം. അത്യാവശ്യം ക്ഷമയുള്ള ഒരു സാധാരണ പ്രേക്ഷകന് ഒരിക്കല്‍ തീയറ്ററില്‍ പോയി കണ്ടിരിക്കാം.അത്രേ പറയാന്‍ കഴിയു. കൂടുതലൊന്നും എഴുതാനില്ല, എഴുതാനായിട്ട്‌ കൂടുതല്‍ ഒന്നും ഇല്ലാ എന്ന് വേണമെങ്കില്‍ പറയാം.ഒരുപാട് പ്രതീക്ഷകളുമായി എത്തിയ ജില്ലാ ഇങ്ങ് കേരളത്തില്‍ ഒരാഴ്ചയില്‍ കൂടുതല്‍ ചലനമുണ്ടാക്കില്ല എന്ന് തന്നയാണ് തോന്നുന്നത്. തമിഴ് നാട്ടില്‍ ചിത്രം ബോക്സ്ഓഫീസ് ഹിറ്റ്‌ ആകാനും സാദ്ധ്യത ഉണ്ട്. എന്തൊരു വിരോധാഭാസം…

You may also like...

Leave a Reply

Your email address will not be published. Required fields are marked *