പഴുത്തില വീഴുമ്പോള്‍..!!

ആയുസ്സിന്‍റെ വലിയൊരു ഭാഗം തങ്ങളെ ഉണ്ണിപ്പിച്ചും പഠിപ്പിച്ചും പോറ്റി വളര്‍ത്താനായി ജീവിതം എരിച്ചു തീര്‍ത്ത മാതാപിതാക്കളെ തെരുവിലും വൃദ്ധസദനങ്ങളിലും അമ്പലനടകളിലും ഉപേക്ഷിച്ചു പോകുന്ന മക്കളുടെ കഥകള്‍ ആദ്യമൊരു അത്ഭുതത്തോടും പിന്നെയൊരു ഭയപാടോടെയും ഒടുവിലിപ്പോള്‍ ഒരു അവജ്ഞയോടും കൂടി മലയാളി കാണാന്‍ തുടങ്ങി. കഷ്ടമെന്ന് പറയാം, മാതാപിതാക്കളുടെ അവസ്ഥ തന്നെയാണ് പലപ്പോഴും സര്‍ഗാത്മസൃഷ്ടാക്കളുടെ അവസ്ഥ. മലയാളസിനിമ തന്നെയാണ് ഈ താരതമ്യത്തിന് ഏറ്റവും യോജിക്കുന്നത്. ഇത് തുടങ്ങുന്നത് മലയാളസിനിമയുടെ സുവര്‍ണ്ണകാലഘട്ടത്തിലോ വളര്‍ച്ചാഘട്ടത്തിലോ അല്ല, മറിച്ച് ഉല്‍പ്പത്തിതൊട്ട് തന്നെയാണ്.

ജെ.സി ഡാനിയലിന് മലയാളസിനിമയുടെ പിതാവ് എന്ന പദവി കല്‍പ്പിച്ചു കൊടുക്കുമ്പോള്‍, കടുത്ത ദാരിദ്ര്യത്തിലകപ്പെട്ടു അദ്ദേഹം മരിച്ചിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞിരുന്നു. അര്‍ഹതപ്പെട്ട ആ പദവി ഡാനിയലിന് നേടികൊടുക്കാന്‍ പോലും ചെലങ്ങാട്ട് ഗോപാലകൃഷ്ണന്‍ എന്ന പത്രപ്രവര്‍ത്തകന് കടുത്ത പരീക്ഷണങ്ങള്‍ നേരിടേണ്ടി വന്നു. ജെ.സി ഡാനിയലിനോടുള്ള കൃതജ്ഞത എന്നോണം അല്ലെങ്കില്‍ ഒരു പ്രായശ്ചിത്തം എന്നോണം കമല്‍ ഒരുക്കിയ സെല്ലുലോയിട് എന്ന ചിത്രത്തില്‍ ഈ പരിശ്രമങ്ങള്‍ വളരെ കുറച്ച് മിനിട്ടുകളില്‍ പ്രതിപാദിച്ചിട്ടുണ്ട്. മലയാള സിനിമയുടെ പിതാവിനെ, ആദ്യസിനിമയുടെ ആദ്യ പ്രദര്‍ശനം പോലും മുഴുമിപ്പിക്കാതെ നാടുകടത്തിയത് ജാതി വെറിയാല്‍ അന്ധമായ ഒരു സമൂഹം ആണെങ്കില്‍, അദ്ദേഹത്തിന് അവശകലാകാരന്‍ പെന്‍ഷന്‍ നിഷേധിച്ചത് സ്വാതന്ത്ര്യനന്തര ഭാരതത്തിലെ  പ്രബുദ്ധ മലയാളി ആണെന്നതാണ് ഉപേക്ഷിക്കപെട്ട കലാകാരന്മാരുടെ അവസ്ഥയെ സൂചിപ്പികാനുള്ള ആദ്യത്തെ ചീട്ട്.

ജെ സി ഡാനിയലിനെ ആര്‍ക്കും അറിയില്ലായിരുന്നെങ്കില്‍ ലോകസിനിമാസമൂഹം ഒന്നാകെ പ്രകീര്‍ത്തിച്ച കലാകാരന്‍ ആയിരുന്നു സംവിധായകന്‍ ജോണ്‍ അബ്രഹാം. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഏറ്റവും മികച്ച പത്ത് ഇന്ത്യന്‍ സിനിമകളില്‍ ഇടംനേടിയ ഏക ദക്ഷിണഇന്ത്യന്‍ ഭാഷചിത്രമായിരുന്നു ജോണിന്‍റെ അമ്മ അറിയാന്‍. എന്തിനേറെ പറയുന്നു പതിറ്റാണ്ടുകള്‍ക്ക് ശേഷം 2013ഇല്‍ വാര്‍ത്ത‍മാധ്യമം ആയ IBN Live നടത്തിയ തിരഞ്ഞെടുപ്പില്‍ എക്കാലത്തെയും മികച്ച 100 ഇന്ത്യന്‍ സിനിമകളില്‍ ഒന്നായി അദ്ധേഹത്തിന്റെ അഗ്രഹാരത്തിലെ കഴുത ഉണ്ടായിരുന്നു. സിനിമ എന്ന കല ഒരു പ്രൊഫെഷന്‍ എന്നതില്‍ ഉപരി ഒരു സാമൂഹിക പരിവര്‍ത്തനത്തിനുള്ള ഒരു ഉപാധി ആയിരുന്നു ജോണിന്. ജനപങ്കാളിത്താല്‍ സിനിമ നിര്‍മിച്ച് സിനിമനിര്‍മാണ സമവാക്യങ്ങളെ തിരുത്തികുറിക്കാനും ഒടേസാ കള്ളക്റ്റിവിലൂടെ  സിനിമയെ ഒരു വിമോജനമാധ്യമമായി സ്ഥാപിക്കാനും മലയാളം കണ്ട മഹാനായ ഈ കലാകാരന്‍ ശ്രമിച്ചു. പക്ഷേ ജോണിന്‍റെ അന്ത്യനിമിഷങ്ങള്‍ ഒരു തെരുവ് നായയെ അനുസ്മരിപ്പിക്കുന്നതാണ്. കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് വീണു പരിക്കേറ്റ അദ്ധേഹത്തെ ആശുപത്രി അധികൃതര്‍ തിരിച്ചറിയുകയോ തിരിഞ്ഞുനോക്കുകയോ ഉണ്ടായില്ല. മെഡിക്കല്‍ പരിരക്ഷ കിട്ടാതെ 1987 മെയ്‌ 30ന് മലയാളത്തിന്‍റെ മഹാനായ സംവിധായകന്‍ ജോണ്‍ അബ്രഹാം അന്തരിച്ചു. സിനിമ എന്ന കലയെ സ്നേഹിച്ചപ്പോള്‍ സാമ്പത്തിക ഭദ്രതയും പ്രശസ്തിയും മറന്നതായിരുന്നു ജോണ്‍ ചെയ്ത കുറ്റം.

വെള്ളിവെളിച്ചത്തിന് പുറത്ത് അണിയറയില്‍ നില്‍ക്കുന്നവര്‍ക്ക് മാത്രമാണ് സിനിമയ്ക്ക് പുറത്ത് ഈ അവഗണന നേരിടേണ്ടി വരുന്നതെന്ന് കരുതുന്നെങ്കില്‍ അത് വളരെ തെറ്റ്. വെള്ളിവെളിച്ചത്തിലെ താരങ്ങളും സിനിമയില്‍ നിന്ന് ഒരവസരത്തില്‍ ഒഴിവാക്കപ്പെടുന്നതും അവഗണിക്കപ്പെടുന്നതും കാണാവുന്നതാണ്. ശക്തമായ ഒരു ഉദാഹരണമായി ചൂണ്ടികാണിക്കാനുള്ളത് നടി ശാന്താദേവിയെ ആണ്. പുതിയ തലമുറയ്ക്ക് ശാന്താദേവിയെ അറിയുന്നത് അന്‍വര്‍ റഷീദിന്റെ ബ്രിഡ്ജിലെ ഉപേക്ഷിക്കപെടുന്ന കിഴവി ആയിട്ടായിരിക്കും. ജീവിതത്തിലും അവരുടെ അവസ്ഥ ഏകദേശം ഇതുപോലെ തന്നെയായിരുന്നു. മലയാളത്തിനു എന്തായിരുന്നു ശാന്താദേവി എന്ന് ചോദ്യത്തിന് ആയിരത്തോളം നാടകങ്ങളും അഞ്ഞൂറോളം സിനിമകളു മറുപടി ആയി ചൂണ്ടികാണിക്കാം. 92ഇല്‍ മികച്ച സഹനടിക്കുള്ള ദേശിയപുരസ്‌കാരം ഉള്‍പെടെ പല അംഗീകാരങ്ങളും അവരെ തേടിയെത്തി. പക്ഷേ എണ്‍പത്തിഅഞ്ചാം വയസ്സില്‍ അഞ്ജാതരോഗത്താല്‍ കഷ്ടപെടുമ്പോള്‍ മലയാള സിനിമയെ പ്രധിനിതീകരിച്ച് ആരുംശാന്താദേവിയെ അന്വേഷിച്ച് എത്തിയില്ല. വാര്‍ത്ത‍മാധ്യമങ്ങളിലൂടെ ഈ അവഗണന പ്രചരിക്കുകയും ചുരുക്കം ചില സിനിമസ്നേഹികള്‍ പിന്നീട് സഹായത്തിനു എത്തുകയും ചെയ്തു.

തല്‍ക്കാലം  ഡാനിയലിനിലും, ശാന്താദേവിയിലും, ഹനീഫയിലും നിര്‍ത്തുകയാണ്. തിരിഞ്ഞു നോക്കുകയാനെന്ക്കില്‍ ഇത്തരത്തില്‍ കഷ്ടതകള്‍ അനുഭവിക്കുന്ന ഒരുപാട് കലാകാരന്മാരെ നമ്മുക്ക് കാണാന്‍ സാധിക്കും. സിനിമയില്‍ സജീവമായിരിക്കുമ്പോള്‍  പുട്ടും,മസാലയും റിയല്‍ എസ്റ്റേറ്റ് കച്ചവടവുമൊക്കെ നടത്തി സാമ്പത്തിക ഭദ്രത നിലനിര്‍ത്തുന്നവര്‍ക്ക് ഈ അവഗണന ഗ്രസ്സിക്കുവാന്‍ സാധ്യതയില്ല. ആ ദിശയിലോട്ടു കൊച്ചിന്‍ ഹനീഫ തിരിഞ്ഞിരുന്നെങ്കില്‍ അദേഹത്തിന്റെ കുടുംബം ഇന്ന് മറ്റുള്ളവരുടെ കനിവിനായി കാത്തിരിക്കേണ്ടി വരില്ലായിരുന്നു. ഇതില്‍ നിന്നെല്ലാം മനസിലാകുന്നത് എന്താണ്? പണത്തെ അല്ലാതെ കലയെ മാത്രം സ്നേഹിക്കുന്നവരെ മാത്രമേ  സിനിമ സമൂഹം അവഗണിക്കൂ എന്നാണോ? അങ്ങനെ അല്ല എന്ന് കരുതാന്‍ തെളിവുകള്‍ കുറവാണ്.

മലയാളതാരങ്ങളുടെ അമ്മ സംഘടന തങ്ങളുടെ അംഗങ്ങള്ക്ക് ഈ ഒരു അവസ്ഥ ചെറുക്കന്‍ പെന്‍ഷന്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയത് വളരെ അഭിനന്ദനീയം തന്നെ. പക്ഷേ അമ്മയില്‍ അംഗത്ത്വം ഇല്ലാത്ത ഒരുപാട് കലാകാരന്മാരും കലാകാരികളും ഉണ്ട്. കൂടാതെ താരങ്ങളല്ലാതെ സിനിമയെ സ്നേഹിക്കുന്ന ഒരുപാടു സിനിമ പ്രവര്‍ത്തകര്‍ ഉണ്ട്. ഇവരെയെല്ലാം ഇത്തരത്തില്‍ ഒരു പെന്‍ഷന്‍ സമ്പ്രദായത്തില്‍ ഉള്‍പ്പെടുത്തുകയും അത് വീഴ്ച കൂടാതെ നടപ്പിലാക്കേണ്ടതുമുണ്ട്. ഇല്ലെങ്കില്‍ മലയാളസിനിമയില്‍ കല നഷ്ടമാവുകയും അത് പണത്തെ മാത്രം സ്നേഹിക്കുന്നവരുടെ ഒരു കൂട്ടായ്മയായി മാറുകയും ചെയ്യും.

 

You may also like...

Leave a Reply

Your email address will not be published. Required fields are marked *